തിരുവനന്തപുരം: വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട മുള്ളൻപന്നിയെ അടിച്ചുകൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി വനംവകുപ്പിന് മുന്നിൽ കീഴടങ്ങി. ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇന്ന് രാവിലെ അദ്ദേഹം കീഴടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് വാളിയറയിലെ ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ശശി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോവുകയായിരുന്നു. അദ്ദേഹം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്നാണ് വനംവകുപ്പിന് മുന്നിൽ കീഴടങ്ങാൻ അദ്ദേഹം നിർബന്ധിതനായത്.